QLS News (1)

ഖുര്‍ആന്‍ പഠന കേന്ദ്രങ്ങള്‍ ജീവിത സംസ്കരണത്തിന്‍റെ ഉയര്‍ന്ന പാഠശാലകള്‍ - സി.എ സഈദ് ഫാറൂഖി  കുവൈത്ത് : 

വ്യക്തി ജീവിതത്തിലെ സംസ്കരണത്തിലൂടെ, മനുഷ്യന്‍റെ സ്വന്തത്തോടും സമൂഹത്തോടും ഉത്തരവാദിത്വത്തോടെ സമീപിക്കുന്നതിനുള്ള പ്രായോഗിക പാഠങ്ങളാണ് വിശുദ്ധ ഖുര്‍ആന്‍ മുന്നോട്ട് വെക്കുന്നതെന്നും ദൈവത്തിനോട് പൂര്‍ണമായി സമര്‍പിക്കുന്നതിനോടൊപ്പം സഹജീവികളോടും പ്രകൃതിയോടും നീതി പുലര്‍ത്തികൊണ്ട് ആത്മീയവും ഭൗതികവുമായി ജീവിത പരിസരം കെട്ടിപടുക്കുവാന്‍ ഖുര്‍ആന്‍ നിരന്തരം പ്രേരിപ്പിച്ചുകൊണ്ടിരിക്കുന്നുവെന്ന് പ്രഗത്ഭ പണ്ഡിതനും കോഴിക്കോട് ട്രെയിനിംഗ് കോളേജ് മുന്‍ ഇന്‍സ്ട്രക്ടറുമായ സി.എ സഈദ് ഫാറൂഖി അഭിപ്രായപ്പെട്ടു. ഇന്ത്യന്‍ ഇസ്ലാഹി സെന്‍റര്‍ ഫര്‍വാനിയയിലെ ഐഡിയല്‍ ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച ഖുര്‍ആന്‍ സമ്മേളനത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ഖുര്‍ആനിക സന്ദേശങ്ങളുടെ സമഗ്രതയെ നഷ്ടപ്പെടുത്തുന്ന പഠന രീതികള്‍ സമൂഹത്തില്‍ നിലനില്‍ക്കുന്നു. വൈയക്തിക താല്‍പര്യങ്ങള്‍ക്കനുസൃതമായ വ്യാഖ്യാനങ്ങളും സമീപനങ്ങളും തര്‍ക്കങ്ങളും ഭിന്നതക്ക് കാരണമാകുന്നു. വ്യക്തിത്വ വികസനത്തിന്‍റെ ആധുനിക സമീപനങ്ങളെ നിശ പ്രഭമാക്കുന്നതാണ് ഖുര്‍ആനിക മാര്‍ഗ ദര്‍ശനങ്ങള്‍. ഖുര്‍ആനിക സന്ദേശങ്ങള്‍ സമ്പൂര്‍ണമായി സ്വീകരിക്കപ്പെടുന്നേടത്താണ് ഇഹപര വിജയം സാധ്യമാവുകയെന്ന് സഈദ് ഫാറൂഖി വിശദീകരിച്ചു.


ഖുര്‍ആന്‍ പാരായണ ശാസ്ത്രത്തിലും വിജ്ഞാനീയങ്ങളിലും ഡോക്ടറേറ്റ് നേടി ഡോ. ഫൈസല്‍ അബ്ദുല്ല ഖുര്‍ആന്‍ സമ്മേളം ഉദ്ഘാടനം ചെയ്തു. വിശുദ്ധ ഖുര്‍ആന്‍ വ്യതിരിക്തമാകുന്നത് അതിന്‍റെ ലളിതമായ ആശയ സമൃദ്ധികൊണ്ടാണ്. പഠിക്കുവാനും പ്രയോഗിക്കുവാനും സരളമായ ശാസ്ത്രമാണ് ഖുര്‍ആനിന്‍റേത്. ഒരുപാട് ആശയങ്ങളെ കുറഞ്ഞ വചനത്തിലൂടെ വിശദീകരിക്കുന്ന ഖുര്‍ആന്‍ ലോക മനുഷ്യരുടെ സډാര്‍ഗ ഗ്രന്ഥമാണെന്ന് ഉദ്ഘാടന പ്രസംഗത്തിലൂടെ ഡോ. ഫൈസല്‍ അബ്ദുല്ല പറഞ്ഞു. മനുഷ്യ ജീവിതത്തിലെ സകല മേഖലകളുടെയും വിജയത്തിനും നിയതമായ അവന്‍റെ മുന്നോട്ടുള്ള ഗമനത്തിനും ആവശ്യമായ നിയന്ത്രണങ്ങളാണ് നോമ്പിലൂടെ ലഭിക്കുന്നതെന്നും ഭക്തിയുടെയും സംസ്കരണത്തിന്‍റെയും കാരുണ്യത്തിന്‍റെയും നാളായ റമളാന്‍ മാസം പാരത്രിക ജീവിതത്തിന് കൂടുതല്‍ വിളവെടുപ്പ് നടത്താനുള്ള നല്ലൊരു വേദിയാണെന്നും സംഗമത്തില്‍ ക്ലാസെടുത്ത സയ്യിദ് അബ്ദുറഹിമാന്‍ തങ്ങള്‍ സൂചിപ്പിച്ചു.
ഖ്യു.എച്ച്.എല്‍.എസ്സ് വിഭാഗം സൂറ. സജദയെ അവലംബിച്ച് സംഘടിപ്പിച പരീക്ഷയില്‍ ആദ്യ മൂന്ന് സ്ഥാനങ്ങള്‍ യഥാക്രമം നേടിയ ഗുല്‍ജീന ജബ്ബാര്‍ (കുന്ദംകുളം), ഷമീമുള്ള സലഫി (ഒതായി), ശൈലജ അബൂബക്കര്‍ (വടക്കാഞ്ചേരി) എന്നിവര്‍ക്കുള്ള സമ്മാനങ്ങള്‍ വിതരണം ചെയ്തു.
പ്രസിഡന്‍റ് എം.ടി മുഹമ്മദ് അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി അബ്ദുല്‍ ഹമീദ് കൊടുവള്ളി, സഈദ് അല്‍ ഉതൈബി, അബ്ദുല്‍ അസീസ് സലഫി, മനാഫ് മാത്തോട്ടം എന്നിവര്‍ സംസാരിച്ചു. ഇബ്രാഹിം കുട്ടി സലഫി, അബ്ദുറഹിമാന്‍ അടക്കാനി, എന്‍ജി. അന്‍വര്‍ സാദത്ത്, വി.എ മൊയ്തുണ്ണി, സിദ്ധീഖ് മദനി എന്നിവര്‍ പ്രസീഡിയം നിയന്ത്രിച്ചു.

Posted On Wednesday, 28 February 2018 11:51 Written by

Kuwait Indian Islahi Centre is a voluntary organization of Indian expatriates since 2002. It is operating under the supervision of Kuwait Ministry of Awqaf and Islamic affairs and affiliated to Embassy of India.