പരീക്ഷകളെ നിര്‍ഭയം നേരിടുക

Posted On Wednesday, 28 February 2018 11:53 Written by
Rate this item
(3 votes)

വിദ്യാര്‍ത്ഥികളില്‍ ഉത്കണ്ഠയും ആകുലതയും വളര്‍ത്തി പരീക്ഷാകാലം വരവായി. ഭാവിയും വിജയപരാജയവും നിര്‍ണയിക്കുന്നതിനാല്‍ പരീക്ഷകള്‍ ശരിക്കും പരീക്ഷണങ്ങളാണ്. ആദ്യമായി അഭിമുഖീകരിക്കുന്ന പൊതുപരീക്ഷയായതിനാല്‍ എസ്എസ്എല്‍സി ഏറെ പ്രാധാന്യമര്‍ഹിക്കുന്നു. വിദ്യാര്‍ത്ഥികളെ പോലെ തന്നെ രക്ഷിതാക്കളും സമൂഹവും സര്‍ക്കാറും ഈ പരീക്ഷയെ മറികടക്കേണ്ട നാഴികക്കല്ലാക്കി മാറ്റിയിരിക്കുന്നു. വിദ്യാര്‍ത്ഥികള്‍ ഈ പരീക്ഷയെ ഭയക്കാന്‍ കാരണവും ഇതുതന്നെ.

പരീക്ഷപ്പേടി ഇല്ലാതിരിക്കാന്‍ പ്രഥമ ചികിത്സ വേണ്ടത് രക്ഷിതാക്കള്‍ക്കാണ്. കുട്ടി തോറ്റാലോ എന്ന ഭീതി നിമിത്തം അവര്‍ സദാസമയവും പഠിക്കാന്‍ നിര്‍ബന്ധിക്കും. ഇവന്‍/ഇവള്‍ പഠിക്കുന്നില്ലെന്ന് മറ്റുള്ളവരോട്  പരാതി പറയും. കുട്ടികളോട് ഭീഷണി സ്വരത്തില്‍ സംസാരിക്കും. വിദ്യാര്‍ത്ഥികളുടെ മനസ്സില്‍ നിരാശയുടെ കരിനിഴല്‍ വീഴ്ത്താന്‍ ഇതൊക്കെ ധാരാളം.

പഠനത്തില്‍ പിന്നാക്കം നില്‍ക്കുന്നവര്‍ക്കും മടിയന്‍മാര്‍ക്കും മാത്രമല്ല മിടുക്കന്‍മാരായ വിദ്യാര്‍ത്ഥികള്‍ക്കും പരീക്ഷ മാനസിക പിരിമുറുക്കവും പേടിയുമുണ്ടാക്കും. ഇതിന്റെ ഭാഗമായി തലവേദന, ഛര്‍ദി, പനി, വയറുവേദന തുടങ്ങിയ ശാരീരികാസ്വസ്ഥതകളും പരീക്ഷാകാലങ്ങളില്‍ കുട്ടികളില്‍ ദൃശ്യമായേക്കാം. അത് അഭിനയമാണോ എന്നു പോലും രക്ഷിതാക്കള്‍ സംശയിക്കാറുണ്ട്.

സധീരം പരീക്ഷയെ നേരിടാന്‍ കഴിയണം. അതിന് പരീക്ഷയെ കൂളായി കാണുകയാണ് മാര്‍ഗം. പരീക്ഷാവിജയം ജീവിതത്തില്‍ അതിനിര്‍ണായകവും അന്തിമവുമാണെന്ന വിചാരം രക്ഷിതാക്കളും പഠിതാക്കളും ഒഴിവാക്കണം. പരാജയം ജീവിതത്തിലെ മഹാദുരന്തമാണെന്ന ചിന്തയും പാടില്ല.

ബുദ്ധിപരമായ മേന്മ, പ്രതിഭാത്വം, ഓര്‍മശക്തി, ചിട്ടയൊത്ത പഠനം തുടങ്ങിയവ മൂലം ഉയര്‍ന്ന സ്ഥാനം നേടിയെടുക്കാന്‍ കഴിഞ്ഞെന്നുവരാം. എന്നാല്‍ കഴിവിനും സാമര്‍ത്ഥ്യത്തിനുമൊപ്പം സ്രഷ്ടാവിന്റെ സൗഭാഗ്യം കൂടി വേണം. അത് എല്ലാവരിലും എല്ലായ്‌പ്പോഴും ഒരേപോലെ ആയിക്കൊള്ളണമെന്നില്ല. ഈ യാഥാര്‍ത്ഥ്യം അംഗീകരിക്കുന്നതോടൊപ്പം ശുഭാപ്തി വിശ്വാസത്തോടെ കഠിനാധ്വാനം തുടരുകയും പ്രാര്‍ത്ഥിക്കുകയും ചെയ്യുക. ഇത് കുട്ടികളുടെ ശാരീരികവും മാനസികവുമായ അസ്വസ്ഥതകള്‍ കുറക്കാന്‍ സഹായകമാകും.

എസ്. എസ്. എസ.് എല്‍. സിയില്‍ ഗ്രേഡിങ്ങ് വന്നതോടെ പരാജയഭീതി ഇല്ലാതായി. റാങ്കിനെ ചൊല്ലിയുള്ള പിരിമുറുക്കവും ഇല്ല. പണ്ട് ഫലപ്രഖ്യാപനത്തിനു ശേഷം എത്രയെത്ര ആത്മഹത്യകളായിരുന്നു പത്രങ്ങളില്‍. ഇന്ന് ആ സാഹചര്യം മാറി.  വിദ്യാര്‍ത്ഥികളുടെ കഴിവുകള്‍ വിലയിരുത്താനുള്ള നൂതന രീതികള്‍ ഇന്നു ധാരാളമാണ്. പ്രോജക്ടിലൂടെയും കൂട്ടായപ്രവര്‍ത്തനത്തിലൂടെയും അവരുടെ അന്വേഷണത്വര പരിപോഷിപ്പിക്കാനും ആശയവിനിമയ ശേഷി കരുത്തുറ്റതാക്കാനും സാധിക്കും. സെമിനാര്‍, അസൈന്‍മെന്റ്, റിക്കാര്‍ഡ്‌സ്, കളക്ഷന്‍ തുടങ്ങിയ സ്വയം പഠന-പരിശീലനത്തിലൂടെ നേടിയെടുത്ത അറിവും പരീക്ഷാഹാളില്‍ ഏറെ ഗുണം ചെയ്യും. പരീക്ഷക്കു വേണ്ടി തത്കാലം പഠിച്ചുണ്ടാക്കുന്നതിനെക്കാള്‍ പാഠങ്ങള്‍ അന്നന്നു സ്വായത്തമാക്കുന്നതാണ് ശാസ്ത്രീയമെന്നതു മറ്റൊരു കാര്യം.

കാണാപാഠം പഠിച്ചത് രേഖപ്പെടുത്തുക മാത്രമല്ല, വിശകലനംചെയ്യാനും നിഗമനങ്ങളിലെത്തിച്ചേരാനും ചിന്താശേഷി അളക്കാനുമെല്ലാമുള്ള അവസരങ്ങള്‍  ആധുനിക പരീക്ഷാരീതികളില്‍ കാണാം. പഠിച്ച ഭാഗങ്ങള്‍ വിസ്മൃതിയിലാകാതിരിക്കാന്‍ ആവര്‍ത്തനം നല്ലതാണ്. മറ്റു പ്രവൃത്തികളില്‍ ഏര്‍പ്പെടുമ്പോഴും യാത്രയിലുമെല്ലാം പാഠഭാഗങ്ങള്‍ ഓര്‍മിച്ചെടുക്കാന്‍ ശ്രമിക്കുക. പ്രയാസം തോന്നുന്നവ ഇതിനായി കുറിച്ചുവെക്കുകയുമാവാം. പുതിയ കാര്യങ്ങള്‍ പരീക്ഷാദിനങ്ങളില്‍ പഠിക്കാന്‍ തുനിയുന്നതിനെക്കാള്‍ കഴിഞ്ഞവ ഓര്‍മ പുതുക്കുകയാണ് നല്ലത്. അത് പഠിച്ചില്ലല്ലോ, ഇത് പഠിച്ചില്ലല്ലോ എന്ന് വെപ്രാളപ്പെടുന്നതിനു പകരം എന്തെല്ലാം അറിയാമെന്ന് വിചിന്തനം ചെയ്യുക. സമചിത്തതയും ഉത്സാഹവും നഷ്ടപ്പെട്ടാല്‍ അറിയാവുന്നവ പോലും പകര്‍ത്താനാവാതെ വന്നേക്കാം.

പഠനത്തിന് വിഘാതമാകുന്ന സാഹചര്യങ്ങള്‍ പരമാവധി സൂക്ഷിക്കണം. കളി, സദ്യ, വിരുന്ന്, സിനിമ, ടിവി, സീരിയല്‍ പോലുള്ളവ ഈ ഘട്ടത്തില്‍ ഒഴിവാക്കാം. ഏകാഗ്രതക്കു തടസ്സമായ എല്ലാം ഉപേക്ഷിക്കുകയും വേണം. കൃത്യമായ ഭക്ഷണം, മതചിട്ട, അനുഷ്ഠാന കര്‍മങ്ങള്‍ എന്നിവ മന:സന്തോഷം നല്‍കും.നാരുകള്‍ കൂടിയതും കൊഴുപ്പ് കുറഞ്ഞതുമായ ഭക്ഷണമാണ് ഉത്തമം. കാരറ്റ്, ഇലക്കറികള്‍ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക. പ്രാതല്‍ ഒരിക്കലും ഉപേക്ഷിക്കരുത്. പോഷകസമൃദ്ധമായ പ്രാതല്‍ പഠനത്തിന് നല്ല തുടക്കം തരും. മാംസ്യം കൂടുതലുള്ള മുട്ട, പാല്‍, മുളപ്പിച്ച ധാന്യങ്ങള്‍, പയറുകള്‍ കഴിക്കണം. രാത്രി ഏറെ ഉറക്കമൊഴിവാക്കരുത്. നേരത്തേ ഉറങ്ങി നേരത്തേ എണീക്കുക. ശുഭാപ്തി വിശ്വാസിയാവുക. ആത്മ വിശ്വാസത്തോടെ മുന്നേറുക. വിജയം നിങ്ങള്‍ക്കൊപ്പമുണ്ട്.

നാഥന്‍ തുണക്കട്ടെ.

Read 13926 times

Leave a comment

Make sure you enter all the required information, indicated by an asterisk (*). HTML code is not allowed.

Kuwait Indian Islahi Centre is a voluntary organization of Indian expatriates since 2002. It is operating under the supervision of Kuwait Ministry of Awqaf and Islamic affairs and affiliated to Embassy of India.